കൊടുമുടി - തിരുവേഗപ്പുറ സമാന്തര പാലം; മണ്ണ് പരിശോധന ഉടൻ ആരംഭിക്കും
വളാഞ്ചേരി: കൊടുമുടി - തിരുവേഗപ്പുറ സമാന്തര പാലം നിർമ്മാണത്തിൻ്റെ ഇൻവസ്റ്റിഗേഷൻ നടപടികളുടെ ഭാഗമായുള്ള മണ്ണ് പരിശോധന ഉടനെ ആരംഭിക്കും. മണ്ണ് പരിശോധനക്ക് ശേഷം വിശദമായ പദ്ധതി രേഖ തയ്യാറാക്കി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം ചീഫ് എഞ്ചിനീയർ മുഖേന അംഗീകാരത്തിനായി ഡിസൈനിംഗ് വിഭാഗത്തിന് സമർപ്പിക്കും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എയുടെ ഇടപെടലിനെ തുടർന്നാണ് കൊടുമുടി - തിരുവേഗപ്പുറ സമാന്തര പാലം നിർമ്മാണത്തിന് ബജറ്റിൽ 5 കോടി രൂപ ഫണ്ടനുവദിച്ചത്. ഇൻവസ്റ്റിഗേഷൻ പ്രവൃത്തികൾക്കായി പതിനാല് ലക്ഷത്തി ഇരുപതിനായിരം (14,20,000) രൂപയും അനുവദിച്ചിരുന്നു. കഴിഞ്ഞ ജില്ലാ വികസന സമിതിയിൽ ഇത് സംബന്ധമായ വിഷയം എംഎൽ എ ഉന്നയിച്ചിരുന്നു. ഇൻവസ്റ്റിഗേഷനും തുടർനടപടികളും വേഗത്തിലാക്കുമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എം.എൽ.എയെ അറിയിക്കുകയും ചെയ്തിരുന്നു. ഇൻവസ്റ്റിഗേഷൻ നടപടികളുടെ ഭാഗമായുളള മണ്ണ് പരിശോധനയുടെ മുന്നോടിയായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ വി.ടി അമീർ, പാലങ്ങൾ വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ ചാലിൽ, അസിസ്റ്റൻ്റ് എഞ്ചിനീയർ ധീരജ് കുമാർ, ഓവർസിയർ മുസാഫിർ അലി എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. അടുത്ത ആഴ്ചയോടെ പൈലിംഗ് ആരംഭിക്കും.
