ഓണക്കാല പച്ചക്കറി കൃഷി: തൈകൾ വിതരണം ചെയ്തു
ഓണക്കാല പച്ചക്കറി കൃഷി ലക്ഷ്യമിട്ട് പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഒരുലക്ഷത്തോളം പച്ചക്കറിത്തൈകൾ വിതരണം ചെയ്യുന്നു. ബ്ലോക്കിനു കീഴിലെ വിവിധ പഞ്ചായത്തുകളിലെ കർഷകർക്കും കാർഷിക ഗ്രൂപ്പുകൾക്കുമാണ് തൈകൾ നൽകുന്നത്. ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് നാലുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വെണ്ട, വഴുതന, മുളക്, തക്കാളി ഉൾപ്പെടെയുള്ള തൈകളാണ് നൽകുന്നത്. കൊപ്പം പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. രാമദാസ് തൈകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. വത്സല അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് വി. അജയഘോഷ്, പട്ടാമ്പി കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വൃന്ദ, കൊപ്പം കൃഷി ഓഫീസർ എൻ.ജി. മേഘ തുടങ്ങിയവർ സംസാരിച്ചു.
