*നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ബ്ലോക്ക് പഞ്ചായത്ത്

*നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ബ്ലോക്ക് പഞ്ചായത്ത്* കലാസംഘങ്ങൾക്ക് വാദ്യോപകരണം നൽകും പട്ടാമ്പി : നാടൻ കലകളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുമായി ബ്ലോക്ക് പഞ്ചായത്ത്. കലാസംഘങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് വാദ്യോപകരണങ്ങൾ നൽകുമെന്ന് പ്രസിഡന്റ് സജിത വിനോദ് അറിയിച്ചു. 2021-22 പ്രോജെക്ടിലാണ് വനിതാ പട്ടികജാതിവിഭാഗത്തിൽ പെട്ട വാദ്യകലാകാരന്മാർക്കായി ഈ പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പരിധിയിൽ കലാരംഗത്തു നിരവധി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അത്തരം സംഘങ്ങളെ സഹായിക്കും വിധം പദ്ധതികൾ നടപ്പാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഉത്സവങ്ങൾക്കും വിവിധ ആഘോഷങ്ങൾക്കും വാദ്യ കലാകാരന്മാർ സജീവ സാന്നിധ്യമാണ്. വാദ്യോപകരണങ്ങൾ സ്വന്തമായി ഇല്ലാത്തതിനാൽ വാടകക്ക് എടുക്കാറാണ് പതിവ്. ഇത് വാദ്യസംഘങ്ങൾക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു. ഇത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വാദ്യോപകരണം വാങ്ങുന്ന പദ്ധതി നടപ്പാക്കുന്നതെന്നും സജിത വിനോദ് അറിയിച്ചു. വരും വർഷങ്ങളിൽ സമാനമായ ശ്രദ്ധേയമായ പ്രൊജക്ടുകൾ നടപ്പാക്കും. കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് പഞ്ചായത്ത് കർമ്മ സമിതി യോഗത്തിൽ നിരവധി നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. ഇവ നടപ്പാക്കാൻ തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. വജ്രജൂബിലി കലാകാരന്മാരുടെ ആഭിമുഖ്യത്തിൽ കലാരംഗത്തു വിവിധ മേഖലകളിൽ 200 ഓളം പേർക്ക് പരിശീലനം നൽകിയിരുന്നു. ഇവരുടെ അരങ്ങേറ്റം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ നടന്നിരുന്നു. നാടൻ കലകളെ പ്രോത്സാഹിപ്പിക്കുന്നതിനു ബ്ലോക്ക് പഞ്ചായത്ത് പ്രത്യേക പരിഗണന നൽകും. ബ്ലോക്ക് പരിധി നിരവധി നാടൻ കലകളുടെ പ്രദേശം കൂടിയാണ്. ഈ സാഹചര്യം മനസ്സിലാക്കി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും സജിത പറഞ്ഞു.