മഴ വീണ്ടും ശക്തമാകുന്നു; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായറാഴ്ച മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ ഇന്നും ജൂലൈ 29നും മഞ്ഞ അലർട്ടുണ്ട്. ഞായറാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ജൂലൈ 30ന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള തയാറെടുപ്പുകൾ നടത്തണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും മുന്നറിയിപ്പുണ്ട്.